Home News/Blog ഓണാഘോഷവും ശ്രീ നാരായണഗുരു ജയന്തി ആഘോഷവും .

ഓണാഘോഷവും ശ്രീ നാരായണഗുരു ജയന്തി ആഘോഷവും .

by Generalsecretary

2023 സെപ്റ്റംബർ 1 ന് ഖൈത്താൻ കാർമൽ സ്കൂളിൽ വച്ച് , സാരഥി കുവൈറ്റ് ഓണാഘോഷവും 169-)മത് ശ്രീനാരായണഗുരു ജയന്തിയും വിപുലമായി ആഘോഷിക്കുകയുണ്ടായി .

രാവിലെ 9 മണി മുതൽ ആരംഭിച്ച വർണാഭമായ ചടങ്ങുകളിലേക്ക് , മലയാളത്തിന്റെ തനതു വേഷത്തിൽ താലപ്പൊലിയേന്തിയ വനിതകളും പാരമ്പര്യത്തനിമ വിളിച്ചോതുന്ന ചെണ്ടമേളത്തിന്റെയും പുലികളിയുടെയും അകമ്പടിയും ഓണത്തിന്റെ വരവറിയിച്ചുകൊണ്ട് എത്തിയ മാവേലി മന്നനും സാരഥി ഭാരവാഹികളും അംഗങ്ങളും ചേർന്ന് ഇന്ത്യൻ സ്ഥാനപതി ഡോക്ടർ ആദർശ് സ്വൈകക്കു ഹൃദ്യമായ വരവേൽപ് നൽകി .
തുടർന്നു നടന്ന പ്രൗഢഗംഭീരമായ ചടങ്ങുകൾ അദ്ദേഹം ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു .

എല്ലാവർക്കും ഗുരുജയന്തി ആശംസകളും ഓണാശംസകളും നേർന്ന അദ്ദേഹം മതേതരത്വവും ദേശീയതയും ഒരുപോലെ ഉയർത്തിപിടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിക്കുകയുണ്ടായി .
പ്രഭാഷകയായ ആശാപ്രദീപിനും , മാസ്റ്റർ അഭിരാം അജിക്കും സാരഥി കുവൈറ്റ് നൽകിയ മൊമെന്റോ ഇന്ത്യൻ സ്ഥാനപതി ഡോക്ടർ ആദർശ് സ്വൈക ചടങ്ങിൽ വെച്ച് സമ്മാനിച്ചു .

ഉത്ഘാടന ചടങ്ങിൽ പ്രോഗ്രാം കൺവീനർ ജിതേഷ് എം പി സ്വാഗതവും , സാരഥി പ്രസിഡണ്ട് അജി കെ ആർ അധ്യക്ഷ പ്രസംഗവും , ജനറൽ സെക്രട്ടറി ജയൻ സദാശിവൻ , വനിതാവേദി ചെയർപേഴ്സൺ പ്രീതി പ്രശാന്ത് , SCFE ചെയർമാൻ ജയൻ എന്നിവർ ആശംസാപ്രസംഗവും ട്രഷറർ ദിനു കമൽ നന്ദിയും പറഞ്ഞു .

പ്രവേശന കവാടത്തിൽ SCFE ഒരുക്കിയ അത്തപൂക്കളവും , ഭാരതത്തെ ശാസ്ത്ര സാങ്കേതിക മേഖലയുടെ നെറുകയിലെത്തിച്ച ചന്ദ്രയാൻ -3 യുടെ മാതൃകയും വളരെ മനോഹരമായിരുന്നു .

അവിദ്യയുടെ ഇരുളിലാണ്ടു കിടന്നിരുന്ന ഒരു ജനതയെ വിദ്യയുടെ വെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്താൻ അവതാരമെടുത്ത വിശ്വമാനവ ഗുരുവായ , സത്യദർശിയും സമദർശിയുമായ , ശ്രീ നാരായണഗുരുവിന്റെ 169-) മത് ഗുരുജയന്തി ആഘോഷം ലോകമെമ്പാടുമുള്ള ശ്രീനാരായണീയർ വിപുലമായി ആഘോഷിക്കുന്നു .പ്രവാസത്തിന്റെ മണ്ണിൽ സാരഥി കുവൈറ്റും ആ ദിവ്യയോഗിയുടെ ജന്മദിനം വിപുലമായി ആഘോഷിച്ചു .
ജാതിമത വർഗ വർണ വിവേചനങ്ങൾ ഇല്ലാതാക്കി മാനവികതയുടെ മൂല്യങ്ങൾ അധിഷ്ഠിതമാക്കി സഹോദര്യത്തോടെ ജീവിക്കുവാൻ ഗുരുദർശനങ്ങൾ പുതുതലമുറക്ക് വഴികാട്ടിയാകുവാൻ ഇത്തരം ആഘോഷങ്ങൾ നിമിത്തമാകട്ടെ .

ഗുരുജയന്തി ആഘോഷങ്ങൾക്കൊപ്പം ഗുരുവിന്റെ ചിന്താധാരകളിലൂടെ അറിവിന്റെ വെളിച്ചം പകരാനായി എത്തിയത് പ്രശസ്ത ഗുരുധർമ പ്രചാരകയും പ്രഭാഷകയുമായ ശ്രീമതി ആശ പ്രദീപ് (കോട്ടയം ഗുരു നാരായണ സേവാ നികേതൻ ) ആയിരുന്നു . സ്വതസിദ്ധമായ വാക്ചാതുരിയിലൂടെ ഗുരുദേവ ദർശനങ്ങൾ നിത്യജീവിതത്തിൽ എങ്ങനെ പകർത്താമെന്നും ഗുരുവിന്റെ വിഭാവനക്കനുസൃതമായ ഒരു മതേതര സമൂഹം എങ്ങനെ കെട്ടിപ്പടുക്കാമെന്നും തന്റെ പ്രഭാഷണ പരമ്പരയിലൂടെ ശ്രീമതി ആശാപ്രദീപ് പഠിപ്പിക്കുകയുണ്ടായി .

“പലമതസാരവുമേകം ” എന്ന വിഷയത്തെ അധിഷ്ഠിതമാക്കി ശ്രീമതി ആശാപ്രദീപ് ഗുരുജയന്തി ദിനത്തിലും , ” മൃതസഞ്ജീവനിയായ ഗുരുദേവകൃതികൾ “എന്ന വിഷയത്തിൽ മംഗഫിൽ വെച്ചും , കുട്ടികൾക്കും മാതാപിതാക്കൾക്കുമായി ” അമൃതസ്യ പുത്രാഹ :എന്ന വിഷയത്തിൽ സാൽമിയയിൽ വെച്ചും പ്രഭാഷണം നടത്തുകയുണ്ടായി .

അനേകം ക്ഷേത്ര പ്രതിഷ്ഠകൾ നടത്തുകയും പ്രാർത്ഥനക്കായി 70 ൽ പരം ഗുരുകൃതികൾ രചിക്കുകയും ചെയ്ത ശ്രീ നാരായണഗുരു ദേവൻ ഈശ്വരാധന എല്ലാ ഗൃഹങ്ങളിലും ഉണ്ടാവണമെന്ന് അനുശാസി ച്ചിരുന്നു .സാരഥി കുവൈറ്റ് ഗുരുദർശനവേദിയുടെ നേതൃത്വത്തിൽ ക്ഷേത്ര സങ്കല്പ മാതൃകയിൽ ഭക്തി നിർഭരമായ ഒരു ഗുരുക്ഷേത്രവും അവിടെ അംഗങ്ങൾക്ക് ഗുരുപൂജയും ഗുരുപുഷ്പാഞ്ജലിയും അർപ്പിക്കുവാനുള്ള അവസരവും ഒരുക്കിയിരുന്നു .കുട്ടികൾക്കും മുതിർന്നവർക്കും ഗുരുവിനെ പ്രാർത്ഥിക്കുവാനും പ്രസാദം വാങ്ങി അനുഗ്രഹം നേടാനുമുള്ള ഒരു നല്ല അവസരമായിരുന്നു അത് .

ഓണാഘോഷം പൂർണ്ണമാകണമെങ്കിൽ തൂശനിലയിൽ വിളമ്പിയ സദ്യ മലയാളിക്ക് നിർബന്ധമാണ് .സൺറൈസ് ഇന്റർനാഷണൽ ഹോട്ടൽ ശ്രീ ദിലീപിന്റെ നേതൃത്വത്തിൽ നടത്തിയ വിഭവ സമൃദ്ധമായ സദ്യ 1000 ൽ അധികം വരുന്ന സദ്യ പ്രേമികളുടെ മനസും വയറും നിറച്ചു .
കന്യാകുമാരി മുതൽ കാസർകോട് വരെയുള്ള രുചി വൈവിധ്യങ്ങളെ ഒരു തൂശനിലയിൽ നിരത്തി ,ഓരോ പ്രവാസിയുടെയും നാവിലെ രസമുകുളങ്ങളിലേക്ക് ,നാട്ടിലെ ഓണക്കാല ഓർമ്മകൾ തിരികെയെത്തിച്ച ഓണസദ്യ കെങ്കേമമായിരുന്നു .

സാരഥി കുവൈറ്റിന്റെ പ്രാദേശിക സമിതികൾ നടത്തിയ നയനാനന്ദകരമായ പരിപാടികൾ ഓണാഘോഷത്തിനും ജയന്തി ആഘോഷത്തിനും മിഴിവേകി .
തിരുവാതിരകളി ,ഓണപ്പാട്ട് ,കൈകൊട്ടിക്കളി , നാടൻപാട്ട് , കേരളനടനം , ഗുരുഭക്തിഗാനം, കൊയ്ത്തുപാട്ട് , ഗുരുജയന്തി ഭക്തിഗാനം ,വഞ്ചിപ്പാട്ട് , ഗുരുദേവ ഭജനാമൃതം , ചണ്ഡാലഭിക്ഷുകി നാടകാവിഷ്കാരം ,സൂഫി ഡാൻസ് ,ഫ്യൂഷൻ ഡാൻസ് , വയലിൻ ഗിത്താർ ഫ്യൂഷൻ , സെമിക്ലാസ്സിക്കൽ ഡാൻസ് എന്നീ കലാപരിപാടികൾ അവിടെ കൂടിയിരുന്ന ഓരോരുത്തരുടെയും മനസ്സിൽ ഗൃഹാതുരത്വം നിറഞ്ഞ ഒരോണക്കാലവും ജയന്തി ആഘോഷവും സമ്മാനിച്ചു .

Related Articles

Leave a Comment

* By using this form you agree with the storage and handling of your data by this website.