Home Reading Room ശിവഗിരിയിലെ നന്ദികേശൻ പറഞ്ഞ കഥ..

ശിവഗിരിയിലെ നന്ദികേശൻ പറഞ്ഞ കഥ..

by Generalsecretary

“ശിവഗിരി തീർത്ഥാടനത്തിന് /സന്ദർശനത്തിന് എത്തി മടങ്ങുന്ന എത്രപേർ എന്നെ ശ്രദ്ധിച്ചിട്ടുണ്ട് , എന്റെ കഥയറിഞ്ഞിട്ടുണ്ട്?

ഇനിയെങ്കിലും നന്ദിയോട് നന്ദികേടു കാണിക്കരുതേ , അത് ഗുരുനിന്ദയ്ക്കുതുല്യം. ശിവഗിരിതീർത്ഥാടനത്തിന് കിട്ടൻ റൈട്ടർ അനുമതി ചോദിച്ചപ്പോൾ , “കുഴൽവെള്ളത്തിൽ കുളിക്കാം , നമ്മുടെ ശാരദയെ തൊഴാം ” എന്ന് ഗുരു പറഞ്ഞത് അക്ഷരംപ്രതി പാലിച്ച് കുഴൽവെള്ളത്തിൽ കുളിച്ച് ശാരദാംബയെ തൊഴുത് ഭഗവാൻ ഏറെക്കാലം താമസിക്കുകയും ഒടുവിൽ മഹിസമാധി പ്രാപിക്കുകയും ചെയ്ത ഇടമായ വൈദികമഠത്തിലേക്കുളള പടികൾ കയറുമ്പോൾ ശ്രദ്ധിച്ചാൽ നിങ്ങൾക്കെന്നെ കാണാം.

ഒരല്പ്പം കഥ :-

പണ്ടിവിടെ ഒരു ശിവക്ഷേത്രമുണ്ടായിരുന്നു. ആ ക്ഷേത്രം കത്തിനശിച്ചിട്ടും വിദൂരമായ ശിവസാന്നിദ്ധ്യത്തിൽ കണ്ണുംനട്ട് നിതാന്ത ധ്യാനത്തിലാണ് ഞാനിപ്പോഴും. ശിവഗിരിക്കുന്നിൽ ഇപ്പോൾ കാണുന്ന ബോധാനന്ദസ്വാമിയുടെ സമാധിപീഠത്തിനുസമീപത്തായിരുന്നു ഓലമേഞ്ഞ ശിവക്ഷേത്രം നിന്നിരുന്നത്.

ഗുരുശിഷ്യനായ ശങ്കരൻപരദേശി സ്ഥാപിച്ച് പ്രതിഷ്ഠ നടത്തിയതായിരുന്നു അത്. ഗുരുദേവൻ ശാരദാപ്രതിഷ്ഠ നടത്തുന്ന സമയത്താണ് ശിഷ്യൻ ശിവപ്രതിഷ്ഠ നടത്തിയത്.ഭഗവാന്റെ ഗൃഹസ്ഥശിഷ്യൻ ഗോവിന്ദച്ചാന്നാർ,അകാലത്തിൽ പൊലിഞ്ഞ അദ്ദേഹത്തിന്റെ മകൾ വനജാക്ഷിക്കായി വാങ്ങിവെച്ച സ്വർണ്ണം ശിവഗിരിക്ക് സമർപ്പിച്ചത് ശങ്കരൻപരദേശിയെടുത്ത് ശിവന് അംഗോപാംഗങ്ങൾ തീർത്ത് ശിവലിംഗത്തിൽ ചാർത്തി. അത് ഗുരുദേവന് രസിച്ചില്ല. സ്വർണ്ണം അതിനായി ഉപയോഗിക്കേണ്ടതില്ലായിരുന്നു എന്ന് തൃപ്പാദങ്ങൾ വിയോജിപ്പ് പ്രകടിപ്പിച്ചു. ശിലയെ ശിവനായി സങ്കല്പിച്ചപ്പോൾതന്നെ അതിന്റെ മൂല്യം അളക്കാനാവാത്തവിധം ഉയരും, പിന്നെയെന്തിന് സ്വർണ്ണം ചാർത്തണം? അതായിരുന്നു ഭഗവാന്റെ അഭിപ്രായം. കുറച്ചു നാളുകൾക്കു ശേഷമാണ് ക്ഷേത്രം തീപിടിച്ചു നശിച്ചത്.

ആ സമയം ഭഗവാൻ അഞ്ചുതെങ്ങ് ജ്ഞാനേശ്വരക്ഷേത്രത്തിലായിരുന്നു. ക്ഷേത്രത്തിന് തീപിടിച്ചു നശിച്ചവിവരം അറിഞ്ഞപ്പോൾ “ശിവനങ്ങും നാമിങ്ങും” എന്നാണ് ഭഗവാൻ മൊഴിഞ്ഞത്. ക്ഷേത്രം പിന്നീട് പുനർനിർമ്മിച്ചില്ല.ശിഷ്യരുടെ പ്രവർത്തികൾക്ക് ഭഗവാൻ വിഘ്നമുണ്ടാക്കില്ലായിരുന്നു. എല്ലാ കർമ്മങ്ങൾക്കും സ്വാഭാവികമായ പരിണതിയുണ്ട്,അതനുഭവിച്ചറിയട്ടെ എന്നായിരുന്നു അവിടുത്തെ നിലപാട്.

ഗുരുത്വപൂർണത പുരുഷാകൃതിപൂണ്ട് ഭൂമിയിൽവിളങ്ങുമ്പോൾ പിന്നെ വേറൊരു ശിവൻ അവിടെയെന്തിന് ? ക്ഷേത്രാവശിഷ്ടങ്ങൾ പെറുക്കിമാറ്റിയിട്ടും തൃപ്പാദങ്ങൾ എന്നെ മാറ്റിയില്ല. എന്നെ കണ്ടുകൊണ്ടുവേണം ഓരോ തീർത്ഥാടകനും ശിവഗിരിക്കുന്ന് കയറാനെന്ന് തൃപ്പാദങ്ങൾ നിശ്ചയിച്ചിട്ടുണ്ടാകണം.

ഭഗവാൻ ശിവന്റെ വാഹനമായ എന്നെ വണങ്ങുമ്പോൾ ശ്രീപരമേശ്വരന്റെ കാരുണ്യത്തെ നന്ദിപൂർവ്വം സ്മരിക്കുകയാണ് മോക്ഷാർത്ഥിയായ ശിവഗിരിതീർത്ഥാടകർ ചെയ്യുന്നത് “

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

Related Articles

Leave a Comment

* By using this form you agree with the storage and handling of your data by this website.