മുപ്പത്തിമുക്കോടി ദേവതകൾ

by Generalsecretary

മുപ്പത്തിമുക്കോടി ദേവതകൾ

ഈ മുപ്പത്തിമുക്കോടി ദേവതകള്‍ യഥാര്‍ഥത്തില്‍ എന്താണെന്ന് നമുക്കൊന്ന് നോക്കാം.
ഇത്രയും ദേവതകളും ഈശ്വരനും ഒന്നാണോ? ലളിതമായ ഭാഷയില്‍ ഉത്തരംപറയാതെ ആധ്യാത്മികവിഷയങ്ങള്‍ സങ്കീര്‍ണമായി അവതരിപ്പിക്കാറുണ്ട്. ഹിന്ദുധര്‍മപഠനം സങ്കീര്‍ണമായ ഒന്നല്ല. നേരെ ചൊവ്വേ പഠിക്കണമെന്നു മാത്രം. അപ്പോഴേ വിശാലമായ ഹിന്ദുധര്‍മത്തിന്റെ എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളാന്‍ സാധിക്കൂ. പലപ്പോഴും അബ്രഹാമിക മതങ്ങളുടെ കണ്ണുകളിലൂടെയും മസ്തിഷ്‌കത്തിലൂടെയും ഹിന്ദുധര്‍മത്തിനെ പഠിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. അത് മാവിനെക്കുറിച്ചു മനസ്സിലാക്കാന്‍ പ്ലാവിനെക്കുറിച്ചു പഠിക്കുംപോലെയാണ്.
സനാതനധര്‍മത്തിന്റെ ഭാഷയില്‍ രണ്ടില്ലാത്തവിധത്തില്‍ ഒന്നാണ് ബ്രഹ്മം.
അതിന് ഇന്ദ്രന്‍ തുടങ്ങിയ പേരുകളുണ്ട്. പ്രകൃതി തുടങ്ങിയ ദിവ്യപദാര്‍ഥങ്ങളിലെല്ലാം വ്യാപിച്ചിരിക്കുന്നതിനാല്‍ ഈശ്വരന്‍ ദിവ്യനാണ്. എല്ലാവരെയും പാലിച്ചുപോറ്റുന്നതിനാല്‍ അവിടെ ഈശ്വരന് സുപര്‍ണന്‍ എന്നൊരു പേരുണ്ട്. മഹാനായതുകൊണ്ട് ഈശ്വരന്റെ മറ്റൊരു പേരാണ് ഗരുത്മാന്‍. വായുവിനെപ്പോലെ അതിശക്തിശാലിയായതിനാല്‍ ഈശ്വരന്‍ മാതരിശ്വാനാണ്. ഇങ്ങനെ ഒന്നിനെത്തന്നെ വിശേഷപ്രജ്ഞയുള്ളവര്‍ പല പേരിട്ടുവിളിക്കുന്നു.” (ഋഗ്വേദം 1.164.46) അതായത് വേദാദിശാസ്ത്രങ്ങളില്‍ ഈശ്വരന്‍ ഒന്നേയുള്ളൂ, അദ്ദേഹത്തിനെ പല ഗുണവിശേഷങ്ങള്‍ക്കനുസൃതമായി വിവിധ പേരുകളിട്ടുവിളിക്കുന്നുവെന്നു മാത്രം.
വേദങ്ങള്‍ ഹിന്ദുധര്‍മത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളാണ്. ആ വേദങ്ങള്‍ കൃത്യമായി ഏകേശ്വരവാദത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളതിന് ഉദാഹരണമാണ് ഋഗ്വേദത്തിലെ ഈ പ്രസ്താവം. അഥര്‍വവേദത്തില്‍ പറയുന്ന മറ്റൊരു ഉദ്ധരണികൂടി കാണുക. ‘രണ്ടില്ല, മൂന്നില്ല, നാലുമില്ല അവന്റെ കാര്യത്തില്‍. അവന് അഞ്ചാമനില്ല, ആറാമനില്ല, ഏഴാമനുമില്ല. അവന് എട്ടാമനോ, ഒമ്പതാമനോ, പത്താമനോ ഇല്ല. അവന്‍ ഏകനാണ്, തികച്ചും പൂര്‍ണനും ഏകനുമാണ് ആ ഭഗവാന്‍. അവനില്‍ സര്‍വദേവതകളും ഒന്നായിത്തീരുന്നു. (അഥര്‍വം 13.4.16 മുതല്‍ 23 വരെയുള്ള മന്ത്രങ്ങള്‍).
അപ്പോള്‍ ഈശ്വരന്‍ ഒന്നേയുള്ളൂ എന്നത് പുതിയൊരു കണ്ടുപിടുത്തമല്ല ഹിന്ദുക്കള്‍ക്ക്. ആ ചിന്തയ്ക്ക് വേദങ്ങളോളംതന്നെ പഴക്കമുണ്ടെന്നര്‍ഥം. അപ്പോള്‍പ്പിന്നെ എന്താണ് ഈ മുപ്പത്തിമുക്കോടി ദേവതകളെന്ന ചോദ്യം ഉയര്‍ന്നുവരും. വേദങ്ങള്‍ (ഋഗ്വേദം 1.45.2, യജുര്‍വേദം 14.31) മുപ്പത്തിമൂന്ന് ദേവതകളെക്കുറിച്ചു പറയുന്നതില്‍നിന്നാണ് മുപ്പത്തിമുക്കോടി എന്ന സങ്കല്പം ഉടലെടുത്തത്. ‘ദിവ്’ എന്ന ധാതുവില്‍നിന്നാണ് സംസ്‌കൃതത്തില്‍ ദേവത എന്ന ശബ്ദം ഉണ്ടാകുന്നത്. പ്രകാശിക്കുക, പ്രകാശിപ്പിക്കുക എന്നെല്ലാമാണ് ഇതിനര്‍ഥം. ശതപഥബ്രാഹ്മണം എന്നൊരു പ്രാചീനവേദഭാഷ്യമുണ്ട്. ഇന്ന് ഹിന്ദുക്കളില്‍പ്പെട്ട പലര്‍ക്കും ഈ ഗ്രന്ഥത്തെക്കുറിച്ച് അറിഞ്ഞുകൂടാ. ബൃഹദാരണ്യകോപനിഷത്ത് ഈ ഗ്രന്ഥത്തിലെ അവസാന കാണ്ഡമാണ്. ഈ ശതപഥബ്രാഹ്മണത്തില്‍ (14.6.9. 3 മുതല്‍ 7 വരെ) ഈ മുപ്പത്തിമൂന്നു ദേവതകള്‍ എന്താണെന്നു വിവരിക്കുന്നുണ്ട്.
അഗ്നി, ഭൂമി, വായു, അന്തരീക്ഷം, സൂര്യന്‍, ദ്യുലോകം, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ എന്നിവ സൃഷ്ടിയുടെ വാസസ്ഥാനമാണ്. അതിനാല്‍ ഇവയെ അഷ്ടാവസുക്കള്‍ എന്നു വിളിക്കുന്നു. നമ്മുടെ ശരീരത്തില്‍ പത്തു പ്രാണനുകളുണ്ട്. അവ യഥാക്രമം പ്രാണന്‍, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍, നാഗന്‍, കൂര്‍മന്‍, കൃകലന്‍, ദേവദത്തന്‍, ധനഞ്ജയന്‍ എന്നിങ്ങനെയാണ്. ഇതുകൂടാതെ നമ്മുടെ ഓരോരുത്തരുടെയും ജീവാത്മാക്കളും നമ്മുടെ ശരീരത്തിലുണ്ട്. ഇവയെ ആകെ ഏകാദശ (പതിനൊന്ന്) രുദ്രന്മാര്‍ എന്നു വിളിക്കുന്നു. ഒരു വര്‍ഷത്തില്‍ പന്ത്രണ്ട് മാസങ്ങളാണ്. ഇവ ആയുസ്സിനെ ആഹരിക്കുന്നു. അതിനാല്‍ ഈ പന്ത്രണ്ട് മാസങ്ങളെക്കുറിക്കുന്ന പന്ത്രണ്ട് ആദിത്യന്മാര്‍ ദേവതകളാണ്.
ഇന്ദ്രന്‍ എന്നു പേരുള്ള വിദ്യുത് ഒരു ദേവതയാണ്. മഴ, വെള്ളം, വായു, ഔഷധികള്‍ എന്നിവയെ ശുദ്ധീകരിക്കുന്ന ‘യജ്ഞ’മാണ് നമ്മുടെ മുപ്പത്തിമൂന്നാമത്തെ ദേവത. അതിനെ പ്രജാപതി എന്നു വിളിക്കുന്നു. ഇപ്പോള്‍ വിശദീകരിച്ച മുപ്പത്തിമൂന്നു ദേവതകള്‍ ഒന്നുപോലും ഈശ്വരനാണെന്ന് ഒരു ഗ്രന്ഥത്തിലും പറയുന്നില്ല. ഈ പറഞ്ഞ ദേവതകളെയെല്ലാം ഉപാസിക്കാന്‍ യോഗ്യരാണോ? അല്ല എന്നാണ് ശതപഥബ്രാഹ്മണം നല്‍കുന്ന ഉത്തരം. കാണുക: ”പരമാത്മാവിനെ മാത്രമാണ് ഉപാസിക്കേണ്ടത്. പരമാത്മാവിനെക്കൂടാതെ മറ്റെന്തിനെയും ഈശ്വനെന്നോണം ഉപാസിക്കണമെന്ന് ആരെങ്കിലും പറഞ്ഞാല്‍, എങ്കില്‍ നീ എപ്പോഴും ദുഃഖിതനായി കരഞ്ഞുകൊണ്ടിരിക്കേണ്ടിവരുമെന്ന് അയാളോടു പറയുക. കാരണം, പരമേശ്വരനെ മാത്രമുപാസിക്കുന്നവന്‍ എല്ലായ്‌പ്പോഴും സുഖത്തോടുകൂടിയിരിക്കും. ഈശ്വരനെപ്പോലെ മറ്റെന്തിനെയെങ്കിലും ആരാധിക്കുന്നവന്‍ വിദ്വാന്മാര്‍ക്കിടയില്‍ മൃഗതുല്യനായി ഗണിക്കപ്പെടുകയും ചെയ്യും” (ശതപഥം 14.4.2.19-22).
ഇപ്പോള്‍ അബ്രഹാമിക മതക്കാരുടെ ഹിന്ദുക്കളുടെ ഏകദൈവവിശ്വാസത്തെ സംബന്ധിച്ച ആരോപണം മിഥ്യയാണെന്നു തെളിയുന്നു. ഇന്ന് ഹിന്ദുമതത്തില്‍ പ്രധാനമായും ആരാധിക്കപ്പെടുന്ന വിഷ്ണു, ശിവന്‍, ഗണപതി, സരസ്വതി, ഭദ്രകാളി, ചാമുണ്ഡി തുടങ്ങിയ ദേവതകളെല്ലാംതന്നെ ഏകനായ പരമേശ്വരന്റെ വ്യത്യസ്തമായ ഗുണങ്ങള്‍ കാണിക്കുന്നതാണ്. അല്ലാതെ വ്യത്യസ്ത ഈശ്വന്മാരല്ല അവര്‍.
ദേവദത്തന്‍ എന്നൊരാളുണ്ടെന്നു വിചാരിക്കുക. അയാള്‍ ജോലിയില്‍ ഡ്രൈവറാണ്. അയാളുടെ മകന്‍ അയാളെ അച്ഛനെന്നും ഭാര്യ ഭര്‍ത്താവെന്നും സഹോദരി സഹോദരനെന്നും മരുമകന്‍ അമ്മാവനെന്നും വിവിധ പേരുകളില്‍ വിളിക്കുന്നു. പക്ഷേ ദേവദത്തന്‍ ഒന്നേയുള്ളൂ. സാഹചര്യമനുസരിച്ച് പലപേരുകളില്‍ വിളിക്കപ്പെട്ടുവെന്നു മാത്രം. ഇതാണ് ഹിന്ദുവിന്റെ ഏകേശ്വരവാദം?

You may also like

Leave a Comment

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More