796
ഒരുദിവസം ആലുവ അദ്വൈതാശ്രമത്തിൽ ഗുരുദേവൻ വന്നിരിക്കുന്നതായ വാർത്ത ചെറായിലാകെ പരന്നു. അതറിഞ്ഞ് ചില വിദ്യാർത്ഥികൾ രാത്രി തന്നെ ഗുരുദേവനെ ദർശിക്കുന്നതിനായി അദ്വൈതാശ്രമത്തിലേക്ക് പുറപ്പെട്ടു. കാൽനടയായിട്ടായിരുന്നു യാത്ര . അവർ പറവൂരിൽ എത്തിയപ്പോൾ നേരം പുലർന്നു. അവിടെ നിന്നും ആലുവയിലേക്ക് ഏതാണ്ട് 12 നാഴിക ദൂരം ഉണ്ട് .അന്ന് ചെറിയ ചാറ്റൽ മഴയുള്ള ദിവസം ആയിരുന്നു. ആ മഴ എല്ലാം നനഞ്ഞു കൊണ്ട് തന്നെ കുട്ടികൾ ആലുവാപ്പുഴയുടെ തീരത്തുള്ള അദ്വൈതാശ്രമത്തിൽ എത്തിച്ചേർന്നു.
ഗുരുദേവൻ ആശ്രമ മുറ്റത്ത് പടർന്നു പന്തലിച്ചു നിന്നിരുന്ന ഒരു വലിയ മാവിന്റെ തണലിൽ ഇരിക്കുകയായിരുന്നു. കുട്ടികളെ കണ്ടപ്പോൾ ഗുരുദേവൻ വാത്സല്യപൂർവ്വം ചോദിച്ചു. “വിദ്യാർത്ഥികളാണല്ലേ ?”
കുട്ടികൾ :- ” അതെ “
ഗുരുദേവൻ :- “എന്താണ് എല്ലാവരും ഒരുമിച്ച് വന്നത്?”
കുട്ടികൾ :- “തൃപ്പാദങ്ങളെ കാണാൻ വന്നതാണ് “
ഗുരുദേവൻ :- “മലവെള്ളം കാണാതെ പോകരുത് “
കുട്ടികൾ തമ്മിൽ തമ്മിൽ നോക്കി മഴക്കാലമായതിനാൽ ആലുവാപ്പുഴയിൽ മലവെള്ളം നിറഞ്ഞൊഴുകുന്നത് കാണുവാൻ കൂടിയായിരുന്നു അവർ എത്തിയിരുന്നത്. അത് ഗുരുദേവൻ എങ്ങനെ അറിഞ്ഞു എന്നറിയാതെ കുട്ടികൾ ആശ്ചര്യപ്പെട്ടു.
അന്ന് ആശ്രമ മുറ്റത്തെ ഒരു പനമ്പ് വിരിച്ച് അതിൽ കുറെ മാങ്ങകൾ കൂട്ടിയിട്ടു
ഉണ്ടായിരുന്നു . ഒരു സന്യാസിവന്നു അതു തരംതിരിക്കാൻ തുടങ്ങി .അത് കണ്ടിട്ട് ആ സന്യാസിയോടായി ഗുരുദേവൻ അരുളിച്ചെയ്തു. “ഇവർക്ക് മാമ്പഴം എടുത്തു കൊടുക്കണം. “
അതു കേട്ടിട്ട് സന്യാസി ഉടനെ അകത്തേക്ക് പോയി .കുറെ നേരം കഴിഞ്ഞിട്ടും അദ്ദേഹം ഇറങ്ങി വരികയുണ്ടായില്ല കുറെ കൂടി കഴിഞ്ഞപ്പോൾ ഗുരു ദേവൻ എഴുന്നേറ്റ് ആ മുറിക്കകത്തേക്ക് കയറി . അത് ആ സന്യാസി കാണുകയുണ്ടായില്ല. അദ്ദേഹം മുറിക്കുള്ളിൽ വെച്ചിരുന്ന മാമ്പഴങ്ങളിൽ ചീത്ത ആയതും ചീത്തയാകാത്തതും തിരിയുകയായിരുന്നു. അപ്പോൾ അത് കണ്ടിട്ട് ഗുരുദേവൻ പറഞ്ഞു :- “ചീത്തയായത് ഇല്ലെങ്കിൽ നല്ലതുതന്നെ കൊടുത്തേക്കൂ. “
ഗുരുദേവൻ കയറിച്ചെന്നത് അപ്പോഴാണ് ആ സന്യാസി അറിഞ്ഞത്. അവിടെ തരംതിരിച്ചു വച്ചിരുന്നതിൽ നിന്നും നല്ല മാമ്പഴം നോക്കി എടുത്ത് ഗുരുദേവൻ കുട്ടികൾ കൊടുത്തു.