1.2K
ശിവഗിരിയിലെ ഇംഗ്ലീഷ് സ്കൂൾ ഗുരുദേവന്റെ വലിയൊരു സ്വപ്നമായിരുന്നു .ആ സ്കൂളിനുവേണ്ടി കെട്ടിടം പണിയുന്ന തിനുള്ള പണം പിരിക്കുന്നതിന് ഗുരുദേവൻ ധാരാളം യാത്രകൾ ചെയ്തിരുന്നു. സ്ക്കൂളിന്റെ ഓരോ പണിയിലും വരുന്ന കുറവുകൾ അപ്പപ്പോൾ ചൂണ്ടിക്കാണിക്കുന്നതിൽ വലിയ ശ്രദ്ധ ഗുരുദേവൻ പുലർത്തിയിരുന്നു. അതിനാൽ നിർമ്മാണവേളയിൽ ഏർപ്പെട്ടിരുന്ന എല്ലാവരും ഏറെ ശ്രദ്ധയോടെയാണ് പണികൾ ചെയ്തിരുന്നത്.
അതിനിടയിൽ ഗുരുദേവൻ കുറെ നാളുകൾ വടക്കൻ ജില്ലകളിൽ യാത്രയിലായിരുന്നു. ആ അവസരത്തിലാണ് സ്കൂളിന്റെ
പൂമുഖത്തിന്റെ പണി നടന്നിരുന്നത്. ആ സമയത്തെ പ്ലാനിൽ കാണിച്ചിരുന്ന വിധം പൂമുഖം നിർമിക്കുന്നതിന് വേണ്ട പണം ശിവഗിരിയിൽ ഉണ്ടായിരുന്നില്ല. അതിനാൽ അപ്പോഴുള്ള പണത്തിൻറെ കണക്ക് അനുസരിച്ച് തട്ടു പോലൊരു പൂമുഖം ബോധാനന്ദ സ്വാമികളുടെ മേൽനോട്ടത്തിൽ പണിയുകയാണ് ചെയ്തിരുന്നത്.
അതിന്റെ ഒരാഴ്ച കഴിഞ്ഞപ്പോൾ ഗുരുദേവൻ ശിവഗിരിയിൽ മടങ്ങിയെത്തി. അന്നുതന്നെ സ്കൂളിൻറെ പണി കാണുവാനായി പോയി. തട്ടുപോലെ പണിതിരിക്കുന്ന സ്കൂളിന്റെ പൂമുഖം കണ്ടിട്ട് ഗുരുദേവന് ഒട്ടും ഇഷ്ടമായില്ല. പ്ലാനിൽ നിന്നും മാറി അങ്ങനെ പണിതതെ എന്തുകൊണ്ടാണെന്ന് പണി ചെയ്യ്തിരുന്ന ചുമതലക്കാരനോടെ അന്വേഷിച്ചു. പണത്തിന്റെ കുറവ് കൊണ്ടാണെ അങ്ങനെ മാറ്റി പണിയുവാൻ ബോധാനന്ദസ്വാമി പറയുകയുണ്ടായതെന്ന് അയാൾ മറുപടിയും പറഞ്ഞു .ആ മറുപടിയും ഗുരുദേവന് തീരെ ഇഷ്ടമായില്ല. അപ്പോഴുണ്ടായ അതൃപ്തി മറച്ചു വെയ്ക്കാതെ ഗുരുദേവൻ ഇങ്ങനെ പറഞ്ഞു ” ഈ കെട്ടിടത്തിനു മൂക്കില്ലല്ലോ. “
മൂക്ക്ഇല്ലാത്തൊരു മനുഷ്യനെ സങ്കൽപ്പിച്ചു നോക്കിയാൽ എത്ര വികൃതമായ രൂപം ആയിരിക്കുമോ അത്രയും വികൃതമാണ് ഈ കെട്ടിടത്തിന്റെ അപ്പോഴത്തെ രൂപം എന്ന് ചിന്തിപ്പിക്കുന്നതിനായിരുന്നു ഗുരുദേവൻ അത്രയും പറഞ്ഞത്. പിന്നീട് പ്ലാനിൽ ഉണ്ടായിരുന്ന വിധമുള്ള പൂമുഖം നിർമ്മിക്കുകയുണ്ടായി