ഗുരുദേവൻ_നല്കിയ_അറിവിന്റെ_കുഴച്ചക്കകൾ_കഴിയ്ക്കാം…

by Generalsecretary

ഒരിക്കല്‍ സ്വാമികള്‍ അദ്വൈതാശ്രമത്തില്‍ വിശ്രമിക്കുന്ന സമയത്ത് ഒരു പരിചാരകന്‍ കുറച്ച് ചക്കച്ചുള കൊണ്ടുവന്നു സമര്‍പ്പിച്ചു…ഗുരുദേവന്‍: എന്താണത്…?പരിചാരകന്‍: കുറച്ച് ചക്കച്ചുളയാണ് സ്വാമീ…ഗുരുദേവന്‍: കുഴയോ വരിക്കയോ..?പരിചാരകന്‍: വരിക്ക, നല്ല ചക്കയാണ്…ഗുരുദേവന്‍: വരിക്ക നമുക്ക് വേണ്ട, കുഴയില്ലേ…?പരിചാരകന്‍: ഉണ്ട്:ഗുരുദേവന്‍: അതാണെങ്കില്‍ കഴിക്കാം…പരിചാരകന്‍ കുഴച്ചക്ക കൊണ്ടുവന്നു. അത് ഭക്ഷിക്കുന്നതിനിടയില്‍ ഗുരുദേവന്‍ പറഞ്ഞു…”കുഴച്ചക്ക തിന്നാന്‍ ക്ഷമ വേണം, വിഴുങ്ങിയാല്‍ ദഹിക്കാന്‍ പ്രയാസം, അതിന്റെ രസം മാത്രമേ ഇറക്കാവൂ”.ആലുവാ അദ്വൈതാശ്രമത്തിലെ പ്ലാവുകളില്‍ കുഴച്ചക്ക ധാരാളം ഉണ്ടാകുമായിരുന്നു, പക്ഷെ ആരും കഴിക്കാതെ കൂടുതലും പാഴായി പോകുകയാണ് പതിവ്. ആര്‍ക്കും ഉപകാരം ഇല്ലാതെ അങ്ങിനെ പാഴാക്കി കളയുന്നതിന് ഒരു മറുമരുന്ന് എന്ന രീതിയില്‍ ആയിരിക്കണം ഗുരുദേവന്‍ ഇങ്ങനെ പറഞ്ഞത് എന്ന് അനുമാനിക്കാം. ഭക്ഷ്യ വസ്തുക്കള്‍ ഒരിക്കലും നാം പാഴാക്കരുത്, നമുക്ക് ഇഷ്ടമില്ല എങ്കില്‍ എന്തുകൊണ്ട് അത് ഇഷ്ടമുള്ളവര്‍ക്ക് കൊടുത്തുകൂടാ…? പ്രകൃതി നമുക്ക് നല്‍കുന്ന വിഭവങ്ങള്‍ അനുഭവിക്കുക എന്നത് മാത്രമല്ല, അത് പാഴാക്കി കളയാതെ മറ്റുള്ളവര്‍ക്ക് കൂടി എത്തിച്ച് കൊടുക്കുവാനും നാം കടപ്പെട്ടിരിക്കുന്നു. ഇന്ന് നാം പാഴാക്കുന്ന ഓരോ ഭക്ഷ്യ വസ്തുക്കള്‍ക്കും പകരമായി അതിന്റെ വില നാം മനസ്സിലാക്കുന്ന ഒരു കാലം നമ്മുടെ ജീവിതത്തില്‍ തന്നെ വന്നുകൂടാ എന്നില്ലല്ലോ…!ഗുരുദേവന്റെ ഈ സംഭാഷണത്തില്‍ നിന്നും നാം മനസ്സിലാക്കേണ്ട മറ്റൊന്നുകൂടി ഉണ്ട്. ഭഗവാന്റെ ഓരോ ഉപദേശങ്ങളും കൃതികളും സത്യത്തില്‍ ഈ കുഴച്ചക്ക പോലെയാണ്., വെറുതെ അങ്ങ് വായിച്ച് പോയാല്‍ ദഹിക്കാന്‍ പ്രയാസം. സാവധാനം മനസ്സും ശ്രദ്ധയും എകാഗ്രമാക്കി അവയെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുമ്പോള്‍ മാത്രമാണ് നമുക്ക് അവയുടെ രസം അനുഭവിക്കാന്‍ കഴിയുന്നത്. ആത്മോപദേശ ശതകത്തിലെയോ ദൈവ ദശകത്തിലെയോ ഒരു ശ്ലോകം വെറുതെ വായിച്ചാല്‍ “യുക്തിവാദി” എന്ന് സ്വയം ധരിച്ച് നടക്കുന്ന “യുക്തിഹീനര്‍ക്ക്” അത് നിസ്സാരമായി തോന്നും. ദൈവദശകം ഒരു ഭജനപ്പാട്ട് ആണെന്ന് പറഞ്ഞുകൊണ്ട് ഇപ്രകാരം ഒരു യുക്തിജീവി എഴുതിയ കുറച്ച് വരികള്‍ ഈയിടെ കാണുകയുണ്ടായി. ഒരു സമൂഹജീവി എന്ന നിലയില്‍ എന്തെങ്കിലും മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്തതിനു ശേഷമാണോ ഇവരെല്ലാം ഗുരുദേവ കൃതികളെ വിമര്‍ശിക്കാന്‍ നടക്കുന്നത്…? സ്വജീവിതം നിരാലംബരായ മനുഷ്യരുടെ ഭൌതികവും ആദ്ധ്യാത്മികവുമായ ഉന്നതിക്കുവേണ്ടി ബലി ചെയ്ത ഒരു ഗുരുവിനെ അറിയുവാനും പഠിക്കുവാനും എല്ലാവര്ക്കും കഴിഞ്ഞു എന്ന് വരില്ല…! വരിക്കച്ചക്ക മാത്രം തൊണ്ട തൊടാതെ വിഴുങ്ങുന്ന അവര്‍ക്ക് കുഴച്ചക്കയുടെ ഔഷധമൂല്യം ഒരു കാലത്തും അറിയുവാനും പോകുന്നില്ല.കുഴച്ചക്ക നല്ല ഔഷധമൂല്യമുള്ള ഒന്നാണ്, പക്ഷെ മിക്കവാറും ആളുകള്‍ അത് ഒഴിവാക്കും. കഴിക്കാന്‍ എളുപ്പമുള്ളതും നാവിനു രസമുള്ളതും മാത്രം ഭക്ഷിച്ച് മാറാരോഗങ്ങളെ ക്ഷണിച്ച് വരുത്തും…!നമുക്ക് ഗുരുദേവന്‍ നല്‍കിയ അറിവിന്റെ കുഴച്ചക്കകള്‍ കഴിയ്ക്കാം…! ഒന്നും തൊണ്ട തൊടാതെ വിഴുങ്ങാതെ; സാവധാനം അതിന്റെ രസം ആസ്വദിച്ച് തന്നെ കഴിക്കാം…!

You may also like

Leave a Comment

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More