ആഗസ്റ്റ് 2
സ്വാമി ഗുരുപ്രസാദ് സമാധിദിനം
ഗുരുഭക്തി, ആത്മാർത്ഥത, കർമ്മകുശലത, പാണ്ഡിത്യം ഇത്യാദി ഗുണങ്ങളാൽ ഗുരുദേവനെ പ്രസാദിപ്പിച്ച ശിഷ്യനാണ് ഗുരുപ്രസാദ് സ്വാമികൾ. ഗുരു ശിഷ്യന് നൽകിയ ദീക്ഷാനാമം അന്വർത്ഥമാക്കിയ ജീവിതമായിരുന്നു സ്വാമികളുടേത്.
സ്വാമികളുടെ വ്യക്തിത്വം പോലെ തന്നെ ബാഹ്യരൂപവും വിശേഷമായിരുന്നു. ഒത്ത ശരീരവും ആരോഗ്യവും. സ്വാമി വിവേകാനന്ദനെ അനുകരിച്ചുള്ള വേഷം കൂടിയായപ്പോൾ, ആരിലും ആദരവുണർന്നിരുന്നു.
അധികാര മോഹവും പക്ഷപാതവും ഇല്ലാതിരുന്ന സ്വാമികൾ അധികാര സ്ഥാനങ്ങളിൽ നിന്ന് ഒഴിഞ്ഞുനിന്നു. എന്നാൽ ഉൽസാഹിയായ സ്വാമികൾ നിരന്തരം പ്രവർത്തനങ്ങളിൽ മുഴുകിയിരുന്നു. ശിവഗിരിയുടെ ഒട്ടുമിക്ക സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടു പ്രവർത്തിക്കുക എന്ന അപൂർവ്വതയും സ്വാമികൾക്കുണ്ടായിരുന്നു. അദ്ദേഹം കുദ്രോളി ക്ഷേത്രത്തിൽ നിന്ന് നടത്തിയ പ്രവർത്തനങ്ങളാണ് കർണ്ണാടകയിലെ ബില്ലവ- പൂജാരി സമൂഹത്തെ ഗുരുഭക്തരാക്കിയത്. കന്നഡ ഭാഷ വശമായിരുന്ന സ്വാമികളുടെ പ്രസംഗങ്ങളും ലേഖനങ്ങളും ഇതിലേക്ക് ഏറെ ഗുണം ചെയ്തു.
തമിഴകത്തും സ്വാമികളുടെ പ്രവർത്തനങ്ങൾ ചലനം സൃഷ്ടിച്ചിരുന്നു.
സ്വാമികളുടെ ഇംഗ്ലീഷ് പരിജ്ഞാനം അപാരമായിരുന്നു. മതപാണ്ഡിത്യത്തിനു പുറമേ നല്ല സാഹിത്യവാസനയും സ്വാമിക്കുണ്ടായിരുന്നു. ബന്ധു എന്ന നിലയിൽ മൂർക്കോത്ത് കുമാരനുമായി അടുത്ത് പ്രവർത്തിച്ചു. ഗുരുവിന്റെ ജീവചരിത്രം എഴുതാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതും അതിനുള്ള വിവരങ്ങൾ ശേഖരിക്കാൻ സഹായിച്ചതും സ്വാമികളായിരുന്നു. ഗുരുദേവനുമായി ബന്ധപ്പെട്ട അനവധി അത്ഭുത സംഭവങ്ങളും വാണികളും ശേഖരിച്ചതും ഗുരുവിന്റെ രോഗകാല വിശേഷങ്ങൾ എഴുതി ലോകത്തെ അറിയിച്ചതും സ്വാമികളാണ്. ഗുരുവിന്റെ മഹാസമാധിക്ക് സാക്ഷിയാകാനും സ്വാമികൾക്കായി. കുമാരനാശാൻ സ്വാമിയുടെ ആത്മ സുഹൃത്തായിരുന്നു. സ്വാമികൾ ആശാൻ കവിതയുടെ ആരാധകനും പ്രചാരകനുമായിരുന്നു.
സ്വാമികളുടെ പ്രസംഗ പര്യടനങ്ങൾ ജനങ്ങളെ ഏറെ ആകർഷിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിക്കയും ഉണ്ടായി. ധർമ്മ പ്രചരണാർത്ഥം ഒട്ടേറെ ലഘുലേഖകളും പ്രസിദ്ധീകരിച്ചിരുന്നു. ഗുരുദേവ വാണികൾ വിഷയ വിഭജനത്തോടെ ആദ്യം പ്രസിദ്ധീകരിച്ചത് സ്വാമികളാണ്. സ്വാമികൾ ദൈവദശകം ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയത് ഗാന്ധിജിയുടെ രണ്ടാം ശിവഗിരി സന്ദർശന വേളയിൽ സ്വാമി തന്നെ ചൊല്ലിക്കേൾപ്പിക്കുകയും ഗാന്ധിജിയുടെ പ്രശംസ നേടുകയും ചെയ്തു. സ്വാമികളുടെ സഹോദരൻ തത്ത വാസുദേവൻ ഗുരുദേവന്റെ ഫോട്ടോകൾ സമാഹരിച്ച് സൂക്ഷിച്ചത് വലിയ മുതൽക്കൂട്ടായി തീർന്നു. സ്വാമികളുടെ സംഘാടന മികവും സ്വാധീനവും പ്രവർത്തിച്ചിടങ്ങളിലെല്ലാം പ്രകടമായിരുന്നു. അക്കാലത്തെ ശിവഗിരി മഠത്തിന്റെ ശാഖകളിലെല്ലാം പ്രവർത്തിച്ചു എന്ന അപൂർവ്വ ബഹുമതിയും സ്വാമിയ്ക്കുണ്ട്.
ഗുരുദേവൻ സവിശേഷമായി പ്രസാദിച്ച ഗുരുപ്രസാദിന് അർഹിക്കുന്ന പ്രാധാന്യം സമൂഹം കൊടുക്കാത്തത് അത്ഭുതമാണ്. ആകെക്കൂടി നോക്കിയാൽ ലക്ഷണമൊത്ത ഒരു സന്യാസിവര്യൻ. അദ്ദേഹം ദീർഘായുഷ്മാനും ആയിരുന്നു. 93-ാം വയസ്സിൽ സമാധിയായ അദ്ദേഹത്തിന്റെ ജനനവും സമാധിയും സ്വദേശമായ കണ്ണൂർ-എടയ്ക്കാട്ട് തന്നെ ആയിരുന്നു.